Tuesday, June 11, 2013

മഴകൊണ്ട കാറ്റ് വന്നു
മൌനവ്രതം മുറിഞ്ഞു പോയെന്നു
ഒരാല്‍മരം

Sunday, June 9, 2013

കയ്യില്‍നിന്ന് ഊര്‍ന്നു പോയ
പട്ടത്തിന്
കൈത്താങ്ങായി കാറ്റ്....
****************

മണ്ണ് പങ്കുവച്ച് തീര്‍ന്നു
ഇനി വിണ്ണ്
പങ്കുവയ്ക്കാനോരുങ്ങുന്നു..
********************

മഴയില്‍
ജീവനറ്റ് ഒരു
മിന്നാമ്മിനുങ്ങു
*******************

കിളുന്തുപൂവിന്റെ നെറുകയില്‍ മുത്തി
ചെവിയില്‍ നുള്ളി
ശലഭത്തിന്റെ പയ്യാരം
****************

ആന്തൂറിയത്തിന്നു
നടുവിലായി
പേടിച്ചരണ്ടൊരു തുമ്പച്ചെടി
*********************

ഒരു മഞ്ഞുതുള്ളിയില്‍
നിവരാനാവാതെ
വാനം ചുരുണ്ട് കിടക്കുന്നു
*******************

സന്ധ്യതന്‍ തിരുനെറ്റിത്തടത്തില്‍
സായാഹ്ന സൂര്യന്റെ
മൃദു ചുംബനം
*********************

പടിയിറങ്ങുന്ന
പകലിനു പകരമായി
നറുനിലാവ്
****************

മണലില്‍ കൊട്ടാരം
പണിയുന്നൊരു
ഞണ്ടച്ചന്‍
********************

ഉറുമ്പുകളുടെ കുറുമ്പില്‍
പിടഞ്ഞു മരിച്ചു
ഒരു പച്ചക്കുതിര
************

കൊയ്ത്തുയന്ത്രം കൊയ്തിട്ട
നെല്‍ക്കറ്റയ്ക്കിടയില്‍
പരിഭവം പറഞ്ഞുകൊണ്ട-
രിവാളും കൊയ്ത്തുപാട്ടും
*****************

വഴിയോരത്ത് ഒറ്റപ്പെട്ടു പോയ
പിഞ്ചുകുഞ്ഞ്
താരാട്ടിന്‍ ഈണം തേടുന്നു
******************

സുന്ദരിയായ ഒരു പൂ
എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നു.
****************

ചിങ്ങത്തേരിലെരി
കര്‍ക്കിടകത്തിന്റെ
എഴുന്നള്ളത്ത്‌
***********

അരികുചേര്‍ന്ന്
ഒഴുകിയിറങ്ങുന്നൊരു
കൊച്ചരുവി..
************

കാറ്റിന്റെ കള്ളവണ്ടി
കേറി,മഴ
ഒളിച്ചോടി പോയി.....
*************

മൌനത്തിന്റെ അകത്തളങ്ങളില്‍
മുദ്രണം ചെയ്യപ്പെട്ട വാക്കുകള്‍
പുറത്തേക്കുള്ള വഴിയറിയാതെ ഉഴറുന്നു.....
************************

ഹൃദയം വാര്‍ന്നൊലിക്കുന്ന
മുറിപ്പാടില്‍ കൂടി ഓര്‍മ്മകള്‍
കവിതകളായി പ്രവഹിക്കുന്നു...
********************

വിണ്ണിന്റെ സ്നേഹം
മണ്ണിന്റെ മാറിലേക്ക്‌
പെയ്തൊഴിയുന്നു.....
**************

കാറ്റിന്റെ കയ്യാങ്കളിയില്‍
മുറ്റം നിറയെ
പ്രായം തികയാത്ത ഇലകള്‍
*********************

പറയാതെ വന്നു പറഞ്ഞിട്ട് പോയ
പാതിരാകാറ്റ് ,എന്റെ സ്വപ്നങ്ങളെ
തെരുവിലൂടെ ഓടിച്ചു......
******************

പ്രണയത്തിന്റെ നിശ്വാസം
ഹൃദയത്തിലര്‍പ്പിച്ചു
ഒരു ദീരഘ നിശ്വാസം....
*****************

എനിക്ക് വിതയ്ക്കാന്‍ ഒന്നുമില്ല..പക്ഷെ
നീ എന്നില്‍ വിതച്ചത് കൊയ്യാന്‍
ഈ ജന്മം മതിയാവില്ല.
******************

കഥ പറഞ്ഞുകൊടുത്ത
മുത്തച്ചന്
ഒടുവില്‍ കഥാവശേഷനായി
********************

ഗോട്ടിക്കുളില്‍
നക്ഷത്ര മണ്ഡലം
************

മനസ്സമാധാനത്തിന്റെ
കൂടു പൊളിച്ചു .അവിടെ
വിരഹം കൂടു കൂട്ടുന്നു....
***************

ഹൃദയ ശിഖരത്തില്‍
മുറുകെ പിടിച്ചു തൂങ്ങുന്നു
കുറെ വവ്വാലുകള്‍ .
*************

മണ്ണോടു ചേര്‍ന്ന് നിന്ന സ്വപ്നങ്ങള്‍ക്ക്
വിണ്ണോളം പറന്നുയരാന്‍
ചിറകുമുളച്ച തെങ്ങനെ ....
*****************

എങ്ങാണ്ടോപോയി
തിരിച്ചു വന്ന കാറ്റിനു,
ചോരയുടെ ഗന്ധം.....
********************

നേര്‍ത്ത കാറ്റിന്റെ
തലോടലില്‍
രാവു തളര്‍ന്നു മയങ്ങി..
**************************

കാറ്റിന്റെ
കൈകളില്‍ തൂങ്ങി
യൊരപ്പൂപ്പന്‍താടി
*********************

ആകാശപൂമരം
മഞ്ഞു തൂവാലകള്‍
പറിച്ചെറിയുന്നു
******************

ചീന്തോലയില്‍
പണിഞ്ഞ
ഓര്‍മ്മക്കൊട്ടാരം
******************

ഉദ്യാനദേവതയെ
വരവേല്‍ക്കാന്‍
പൂക്കള്‍ താലമേന്തി
************************

പുലരിയുടെ ചുംബനമേറ്റ്
പ്രകൃതി
ഋതുമതിയായി.
************************************

ഇടച്ചില്ലയില്‍ കുടുങ്ങി നിന്നീടും മൊട്ടി -
ന്നിടം കൊടുക്കാന്‍ ഇടമില്ല ചില്ലയില്‍
ഇടയ്ക്കു വേറെ കൊഴിയുന്ന പൂവിനെ
ഇടയില്‍ വച്ച് പിരിയുന്നിതളുകള്‍
**********************************

കിന്നരം മീട്ടി മുറ്റത്തെ മുല്ലയില്‍
പുഴകടന്നെത്തിയൊരീറന്‍ കാറ്റ്
ഉമ്മവച്ചും തൊട്ടു തലോടിയും .
****************************

വെയില്‍ വഴിയില്‍
വാകമരം
തണലുകൊതിച്ചു .
*******************

പുളിയിലക്കരമുണ്ട്
അവളെ
ശാലീനയാക്കി
******************

സുരനു ചാര്‍ത്താന്‍
താമര മാല
കോര്‍ക്കുന്നു ...
*****************
എഴുത്തുകാരുടെ ഇടയില്‍
ഈഗോയുടെ
കടന്നുകയറ്റം .
******************
മുറ്റത്തെ മാഞ്ചോട്ടില്‍
പാതിരാചന്ദ്രന്റെ
അഴിഞ്ഞാട്ടം
*********************

കൊഴിയും പൂവിന്റെ
ഇരുളും മനസ്സ്
******************

ആഴിയില്‍ കോര്‍ത്തിട്ട
അലമാലകള്‍
പ്രിയനെ തേടി തീരത്തേക്ക് .
****************************

കസവ് പുടവയുടുത്ത ഭൂമിയെ
നിര്‍ന്നിമേഷരായി നോക്കി നില്‍ക്കുന്ന
ആകാശത്താരകളും ചന്ദ്രനും......
**********************************
കാലത്തിന്റെ പോക്കുകണ്ട് പേടിച്ച സൂര്യന്‍.
ഘടികാരവും വഹിച്ചു
പടിഞ്ഞാറോട്ടും കിഴക്കോട്ടും
പ്രയാണം തുടരുന്നു.
************************
ഉച്ചവെയില്‍
തെന്നിത്തെറിക്കുന്ന പളുങ്കുമണികള്‍
തിരമാലകള്‍ ....
വടക്കേത്തൊടിയിലൊരു മാവ്
തെക്കോട്ട്‌ നോക്കി നെടുവീര്‍പ്പിടുന്നു
ചാരുബഞ്ചിലൊരു മുത്തശ്ശനും .

കുളിര്‍കാറ്റുമായി
മഴത്തണുപ്പ്
കമ്പിളിപുതപ്പിനുള്ളിലൊളിച്ചു

ഓര്‍മ്മകള്‍ക്ക് ഊയലാടാന്‍
ജീവിതം ഉരുക്കിയെടുത്തു കെട്ടിയ
പൊട്ടാത്തൊരൂഞ്ഞാല്‍

നിന്റെ വിരലടയാളങ്ങള്‍
എന്റെ മനസ്സിലിന്നു
ഓര്‍മ്മക്കുറിപ്പുകള്‍

കനല്‍കാറ്റിന്റെ പരിരംഭണം
ഒടുവിലെ ചോര വാര്‍ച്ചയില്‍
ചെടികള്‍

തെക്ക് നിന്നൊരു കാറ്റ്
തിരയിളക്കത്തിന്റെ ലക്ഷണം
തീരം അന്ധാളിപ്പോടെ

ധൃതിയില്‍ വന്നു പിണങ്ങിപ്പോയ
കാറ്റിനു
മുന്‍ശുണ്ഠിപ്പട്ടം

ശലഭ ചിറകിലെ
വര്‍ണ്ണങ്ങള്‍
ചുരണ്ടി എടുക്കുന്നൊരു കുഞ്ഞുറുമ്പ്
കരള്‍ കൊത്തി പറന്നകലുമ്പോള്‍
പാഥേയം പങ്കിട്ടെടുത്ത
കൂട്ട് പക്ഷിയെ നീ മറന്നു...

പഴയ കാലത്തെ തുന്നിചെര്‍ക്കുന്നു
നാളേക്ക് വേണ്ടി
പുതിയ പുസ്തകത്തില്‍ .
ഒഴിഞ്ഞ കൂടുകള്‍ തേടി പറന്നകലുന്ന പറവകള്‍..
ഒഴിയാത്ത നൊമ്പരങ്ങള്‍
കൂടിലുപെക്ഷിക്കുന്നു .

നിന്റെ വിരലുകള്‍ തൊടുമ്പോള്‍
ത്രസിക്കാന്‍ മാത്രം
എന്റെ ഹൃദയം ഒരു വീണയായിരുന്നില്ല.....
കുഞ്ഞുടുപ്പിനെ നനയിച്ചു
നാവും നീട്ടി
മഴനാഗങ്ങള്‍....

  • എന്റെ കരവലയത്തിലൊതുങ്ങാതെ
    നിന്റെ ഹൃദയ പേടകം
    താഴെ വീണു ചിതറി....

    കുളത്തിന്നൊതുക്കുകല്ലുകള്‍
    വിരഹത്തിന്‍
    കഥ പറയുന്നു

    ഉതിര്‍ന്നുടഞ്ഞ
    മൌനവുംപേറി കാറ്റ്
    അലയാന്‍ പോയി

    ഓര്‍മ്മക്കൂട്ടിലൊരായിരം-
    കിളികള്‍ക്ക്
    ചിറകു മുളയ്ക്കുന്നു....

    നെല്ലിമരം നോക്കിച്ചിരിക്കുന്നു
    ഓര്‍മ്മകളില്‍
    കയ്പ്പ് നിറഞ്ഞ മധുരം....

    നിദ്രതോണിയേറി
    യാത്രചെയ്തപ്പോള്‍
    ഒരു സ്വപ്നം ചൂണ്ടയില്‍ കുടുങ്ങി..

  • .
    ...
 
പിരിയുവാനായി മാത്രം
എന്നെ തിരഞ്ഞിങ്ങു
തിരിയെ വന്നു നീ.
ഹൃദയശിഖരത്തിലിരുന്നൊരു
മാടപ്രാവ്
ചിറകു കുടയുന്നു.

ഒരു കുന്നോളം ഓര്‍മ്മകള്‍ക്ക്
മുകളില്‍ കിടന്നുറങ്ങുന്നു _
ഞാനൊരു സ്വപ്നത്തെ വരവേല്‍ക്കാന്‍ ..
മഴ നനഞ്ഞു പുലരി വന്നു
മധു നിറച്ചു മലര് പൂത്തു
പൂക്കള്‍ കണ്ടു മനം നിറഞ്ഞു
ഒറ്റയടിപ്പാത
നോക്കെത്താദൂരം വരെ
പാദങ്ങളെ തിരയുന്നു
വൈകി ഉണരുന്ന
സൂര്യന്റെ അലസത
പരിഭവവുമായി പൂന്തോട്ടം
തിരിഞ്ഞോടുന്ന തിരകളെ
വാരിപ്പുണരാന്‍ കിട്ടാതെ
തേങ്ങുന്നു തീരം....
മൊഴിയലഞ്ഞ
വഴികളിലൂടെ ഇന്ന്
മിഴിനീരിന്റെ അലച്ചില്‍
ഒരുവേള എന്നെപ്പുണര്‍ന്ന-
കന്നുപോകുന്ന കാറ്റിന്റെ കണ്ണില്‍
നിന്നടര്‍ന്നു വീഴുന്നുണ്ടൊരു കണ്ണീര്മുത്തു.....
  • വെയില്‍ വീണതറിയാതെ
    പുല്‍ക്കൊടിത്തുമ്പിനോട്
    കളിപറഞ്ഞിരിക്കുന്നൊരു മഞ്ഞുതുള്ളി..

കനവിന്റെ തൊട്ടിലിലേറി
കടലാഴങ്ങളിലേക്ക്
മുക്കുവന്റെ വള്ളം

കന്നിപ്പൂവിനെ
തൊട്ടുതലോടിയും താരാട്ട്പാടിയും
ഇലകള്‍......

മൌനം പൊതിഞ്ഞ വാക്കുകള്‍
മനസ്സില്‍ തിങ്ങി നിറഞ്ഞു
വിങ്ങിപ്പോട്ടുന്നു..

മഴയുടെ ചുവടു മാറ്റത്തില്‍
ഭയവിഹ്വലരായി
കാപ്പിപ്പൂങ്കുലകള്‍

ശരീരം മുഴുവന്‍ കലയുള്ള ഒരുവന്നു
മനസ്സില്‍ മാത്രം
കലയില്ലാതെപോയി.....

വഴിചോദിച്ച
മഴമേഘങ്ങളെ
കാറ്റ് കടലില്‍ തള്ളിയിട്ടു

ഞെട്ടറ്റു വീഴാനാഞ്ഞു നില്‍ക്കുന്ന
ഒരിലതന്‍ തുമ്പില്‍
പെടിച്ചരണ്ടൊരു മഞ്ഞുതുള്ളി

എത്തിനോക്കി
തുളുമ്പാന്‍ വെമ്പിനില്‍ക്കുന്ന
മിഴിനീര്കണങ്ങള്‍

ഈണം മറന്ന പാട്ടിന്റെ
ഈരടികളില്‍
തലതല്ലി ഒരു മനസ്സ്

പറയാന്‍ മറന്ന വാക്കുകള്‍
കോര്‍ത്തു വച്ച്
വിതുമ്പുന്ന മനസ്സ്

കറുത്തചേലയില്‍
സ്വര്‍ണ്ണമുദ്രകള്‍
തുന്നിച്ചേര്‍ക്കുന്ന രാവ്

വിരല്‍ത്തുമ്പിലൂടൊഴുകുന്നു
പ്രണയ നദി

ദീപാരാധന
ക്ഷേത്രക്കുളത്തില്‍ കുളിച്ചു
തൊഴാന്‍ കാറ്റും

ആകാശപ്പൂമുഖത്തു
ചന്ദ്രനെ ആലിംഗനം ചെയ്തു
മറയുന്ന മേഘങ്ങള്‍
കണ്ണാലെറിഞ്ഞ ശരം
നെഞ്ചില്‍ കൊണ്ടു
തിരിച്ചു വന്നു..

മുറ്റത്ത് കണിവച്ച
ഓട്ടു പാത്രത്തില്‍
കതിരവന്റെ ജാലവിദ്യ

കൈക്കുടന്നയില്‍ നിലാവ്
കൊരിയോഴിച്ചത്
മധുമാസം

കനവിലൊരു കുസൃതിച്ചിരി
മടിയിലൊരു കുസൃതിക്കുടുക്ക...

മറന്ന വഴിയില്‍
വീണപൂവ്
നോവ്‌ തിന്ന മനസ്സ്



കണ്ണാലെറിഞ്ഞ ശരം
നെഞ്ചില്‍ കൊണ്ടു
തിരിച്ചു വന്നു..

മുറ്റത്ത് കണിവച്ച
ഓട്ടു പാത്രത്തില്‍
കതിരവന്റെ ജാലവിദ്യ

കരഞ്ഞു കൂമ്പിയ മിഴികളും
തളര്‍ന്നുറങ്ങുന്ന ശരീരവും
ഒരു കുഞ്ഞു മാലാഖ

ഞാന്‍ നിന്റെ ഹൃദയത്തില്‍ നിറച്ച തേന്‍
മധുരംകിനിയുന്ന വാക്കുകളായി
പുറത്തേക്ക് ഒഴുക്കാമോ.....
അതില്‍ കിടന്നു ഞാനൊന്ന് ഉരുളട്ടെ

മുറ്റത്തെ മാഞ്ചോട്ടില്‍
പാതിരാചന്ദ്രന്റെ
അഴിഞ്ഞാട്ടം